ഓർമയ്ക്കും മുയലിനുമിടയിൽ പെയ്ത മഴ.

വലകൾക്കിടയിലൂടൊരു ചെറു
ചൂണ്ടയുമായ്,
കരയിലേക്ക് വലിച്ചിട്ട കടലിന്റെ
നിലവിളിയും കേട്ട്
ഞാൻ ഉറങ്ങി പോയി.

ചൂണ്ടയിൽ കൊരുത്ത
സ്വപ്നത്തിനും
വലയിൽ പിടഞ്ഞ
ഓർമയ്ക്കും
ഒരേ ഉപ്പ് രസം.
കണക്ക് ക്ലാസിലെ
മഴയൊരു നൂലല്ല,
ഇടയ്ക്ക് വിടവിട്ട്
മാഷ് ബോർഡിൽ
വരച്ചൊരു വര.
ഉത്തരത്തിനടിയിലിട്ട
രണ്ട് വരപോലത്തെ പുഴ.
കടൽത്തീരത്തിരുന്നുറങ്ങി*
മട്ടത്രികോണത്തിനുള്ളിലുണരുന്ന
സ്വച്ഛതയെ
ഓർമയെന്നോ സ്വപ്നമെന്നോ
വിളിക്കേണ്ടത്?
ശാസ്ത്രമൊരു മണ്ണിരയുടെ
ഒടുങ്ങാത്ത ജന്മമായ്
പിടയുന്നത് നോക്കി നിൽക്കയാണ്
മഴയുടെ ശബ്ദമേറിയത്.
നിള നിറയുന്നു.
എഴുത്തും വായനയും
അറിയാത്തൊരു ജലത്തുള്ളി
അക്ഷരത്തിനുള്ളിൽ
മൂന്നാമതൊരർത്ഥം കണ്ടെത്തുന്നു.
നനവ് തൊടുമ്പോൾ
ഉറക്കം മൂടിയ കണ്ണിനു
സംഭവിക്കുന്നതൊക്കെയും
വാക്കുകൾക്കും
സംഭവിക്കുന്നു.

അവസാനത്തെ പിരീഡിൽ
ഓട്ട മത്സരം
ഓർമയും സ്വപ്നവും
തമ്മിലാണ്.
സ്വപ്നമൊരു മുയലും
ഓർമയൊരാമയുമാകുമായിരുന്നു.
പക്ഷേ..
പുറത്ത് മഴ തോർന്നിരുന്നില്ല..
അതേ..
ഓർമ ശരിയാണ്..
നിള നിറഞ്ഞിരുന്നില്ല.



*ഓ.വി.വിജയൻ രചിച്ച കടൽത്തീരത്ത് എന്ന ചെറുകഥ

വീണ്ടും കണ്ണാടി നോക്കുമ്പോൾ

ചുണ്ടിൽ കെടാതെരിയുന്ന
കൈപ്പുകലർന്ന ചൊല്ലാൽ
കടലാസ് മറിയുന്നു.
ഒടിഞ്ഞുമടങ്ങിനിവർന്നു
വീണ്ടും മലർന്നുമെണീറ്റും
വായിച്ചിരുന്ന നേരം.
പണ്ടെങ്ങോ നഷ്ട്ടമായൊരു
സുഹൃത്ത് പൊടുന്നനെ തോളിൽ
പിടിച്ച പോലെ ഞാൻ
കവിതയെ തിരിഞ്ഞു നോക്കുന്നു.
നൂറ്റാണ്ടുകൾക്കു ശേഷം
ചിന്തയിൽ പേന പിടിക്കുന്നു.
വികൃതമായ കൈയ്യക്ഷരത്തിൽ
വാക്കുകൾ തെളിയുന്നു.
വഴികൾ തെളിയുന്നു.
ഞാൻ യാത്രയ്ക്കൊരുങ്ങുന്നു.
ഒരു കുട്ടി
തന്റെ അമ്മേടെ ചൂടിലേക്ക്
മടങ്ങിയെത്തുന്ന പോലെ
ഓരോ തവണയും ഞാൻ
കവിതയിലേക്ക് മടങ്ങിയെത്തുന്നു.
ഏറ്റവും നല്ല ഉപമകൾ
ഒടുവിലത്തെ
കവിതയ്ക്ക്
വേണ്ടി മാറ്റി വെക്കുന്നു
പുരാതനമായൊരു വാരിയെല്ലിനുള്ളിൽ
അതെന്റെ ഓർമ്മയെ
കാത്തു സൂക്ഷിക്കുമെന്ന്
ഞാൻ വിശ്വസിക്കുന്നു.
ചുണ്ടിൽ ചൂണ്ട കൊരുക്കുന്നു.
യാത്ര തുടരുന്നു.

രണ്ട് കല്ലുകൾ

നിന്റെ നെറ്റിത്തടം
ഒരു മരുഭൂമിയായ്
എന്റെ മടിയിൽ
ചുട്ടു പൊള്ളുന്നു.
എന്റെ ചുംബനത്തിന്റെ
ചെറിയ തുള്ളിക്ക്
അതിന്റെ കൊടും ദാഹത്തെ
കെടുത്തുവാനാകില്ലെന്നറിയാം,
എങ്കിലും.

ദുഃഖമുറങ്ങുന്ന ഖബറിൽ
പരസ്പരം നോക്കി നിൽക്കുന്ന
രണ്ട് മീസാൻ കല്ലുകളാണ് നമ്മൾ.
നിന്നെ കാണാൻ വിരുന്നുകാരെത്തുന്നു.
നിന്റെ മടിയിൽ നിനക്കിഷ്ട്ടമില്ലാത്ത ചന്ദനതിരികൾ കത്തിച്ചു വെക്കുന്നു.
നിനക്ക് പേടിയുള്ള
പൂവുകൾ നൽകുന്നു.
ഒടുവിൽ.
നിന്റെ ചുമലിൽ തട്ടി
സലാം പറഞ്ഞവർ മടങ്ങുന്നു.
നീയെന്നെ നിസ്സഹായയായ് നോക്കുന്നു.
ഇതാ ഇവിടെത്തന്നെയുണ്ടാകുമെന്ന്
ഓർമിപ്പിച്ചു കൊണ്ട്
ഒരു മഞ്ചാടിക്കുരു നീട്ടുന്നു.

പാരായണം ചെയ്യപ്പെടാത്തത്

നോവിന്റെ കിതാബ്,
എകാന്തതയുടെ ഏട്,
ഉള്ളിൽ നനഞ്ഞ
കൺ പീലികൾ
പെറ്റുപെരുകി
പരസ്പരം മുലയൂട്ടി
പാറാതെ പിടയാതെ
ചൂടിയ കഴുത്തിൽ
ഭംഗിയായ് കിടക്കണ
കയറു പോലെ
അനങ്ങാതെ,
നിലത്തിടാതെ.
പിറപ്പിന്റെ പ്രാർത്ഥന
പടച്ചോൻ
അവധിക്കു വെക്കുന്നു.
പാരായണം ചെയ്യപ്പെടാത്ത
പരിശുദ്ധ ഗ്രന്ഥം പോലെ
അര്‍ത്ഥരഹിതമായൊരു
നാമവും പേറി
ഞാൻ,
പിറപ്പ്,
പിറക്കാതെ.

പ്രപഞ്ചത്തിന്റെ വാല്


1
നനവുമായി പിറന്നു വീണൊരു
പൂച്ചയുടെ തുറക്കാത്ത കണ്ണിലേക്ക്
നോക്കുമ്പോൾ
പിറവിയിൽ തന്നെ എഴുതപ്പെട്ടിരിക്കുന്ന മരണത്തിന്റെ നനഞ്ഞ പാട്.
ഇതൊരിരുണ്ട ലോകമാണെന്ന്
മുന്നറിയിപ്പേകും പോലെ.
(ഇരുട്ടിനെ തിന്മ കൊണ്ടുപമിക്കാതെ
നിലാവുകൊണ്ടലങ്കരിക്കാതെ
ജീവിതത്തിന്റെ അനിശ്ചിതത്വമായ് കാണുക)
വെളിച്ചം ഒരു പൂമ്പാറ്റയെ
പോലതിന്റെ കണ്ണുകളിൽ
പതിയെ ഇരിക്കുമ്പോൾ
ജീവിതവുമായ് ആദ്യത്തെ യുദ്ധം
പ്രഖ്യാപിക്കപ്പെടുന്നു
ഉറയ്ക്കാത്ത കാലുകളുമായ് സ്വന്തം
ശരീരത്തോട് തന്നെ പൊരുതി നിൽക്കുന്നു.
ഹൃദ്യമായതെല്ലാം ദുർബലമാണെന്ന്
ഓർമിപ്പിക്കും വിധം അതിന്റെ എല്ലുകൾ
എന്റെ വിരലുകൾക്കിടയിൽ
വിശ്രമമൊരുക്കുന്നു
അതാ നോക്കു..
മനുഷ്യർക്ക്‌ മനസിലാകാത്ത
ഒരു പ്രപഞ്ചത്തിന്റെ കവാടം പോലെയില്ലേ
അതിന്റെ കണ്ണുകൾ.
രണ്ടേക്ക് രണ്ടാഴ്ച്ചകൊണ്ടുരുതിരിഞ്ഞ
പ്രപഞ്ചങ്ങൾ?

2
ആ കുഞ്ഞു ജീവി
എനിക്ക് മുന്നേ അധികം
ഒച്ചയെടുക്കാതെ വഴികാട്ടുന്നു.
പ്രഭാതം ഒരു പൂവിനെ പോലെ
വിടരുകയാണെന്നായിരുന്നു
എന്റെ ഭാവന
തെറ്റ്,
അതൊരു കറുത്ത പൂച്ചയുടെ
വെളിച്ചത്തിലേക്കുള്ള നടത്തമാണ്
സിഗരറ്റ് പുകയൂതി
തണുത്തുറഞ്ഞ ഭൂമിയെ
ഉണർത്തികൊണ്ട്
ഞാനതിനെ അനുഗമിക്കുന്നു.
പൂച്ചയുടെ ഉയർത്തിപ്പിടിച്ച വാല്
സൂര്യന് വഴികാട്ടുന്നു.
വലിച്ചു തീർന്ന കുറ്റി
ചവിട്ടിയണക്കാൻ കൂടിയതെനിക്ക്
വേണ്ടി കാത്തു നിൽക്കുന്നില്ല
എങ്ങോട്ടാണതിന്റെ പോക്ക്
ഉപമകൾ വിൽക്കുന്ന
കടയുടെ തിണ്ണയിൽ
ഉറങ്ങിയെണീക്കുകയായിരുന്നു ഞങ്ങൾ.
സർവവും വിഭചിക്കപ്പെടുന്ന ലോകത്തെ
ഉപമകൾ കൊണ്ടൊരുമിപ്പിക്കാനാകുമെന്ന
നിഷ്കളങ്കമായ മണ്ടത്തരത്തിൽ
എന്നെ പോലെ തന്നെ അതും
വിശ്വസിക്കുന്നുവോ?

3
മഗ്‌രിബിന്റെ ധൃതിയിലുള്ള
നടത്തതിനിടയിൽ ഒരു മുറിവേറ്റ
പൂച്ചയെ ഞാൻ പിന്നിലാക്കി.
ജലം കൊണ്ട് വിശുദ്ധി വരുത്തി
വരിത്തെറ്റാതെ ആദ്യത്തെ
റക്കാത്തിലിരുന്നപ്പോൾ എനിക്കാ
പൂച്ചയെ ഓർമ വന്നു.
ഒരു കൺപോളയിരുട്ടിൽ
അതെന്റെ മുസല്ലയിൽ
നിസ്സഹായമായൊരു പ്രാർത്ഥന
പോലെ ചടഞ്ഞിരിക്കുന്നു.
എത്തിപ്പെടാൻ കാത്തിരുന്ന പോലെ
സുജൂദിലതെന്റെ നെറ്റിയിലെ
തഴമ്പ് നക്കി തുടക്കുന്നു.
ദൈവഹൃദയം സർവ്വ ജന്തുക്കളിലും
മുറിഞ്ഞു കിടക്കുന്നതായ്
എനിക്ക് വെളിപാടുണ്ടാകുന്നു.

ശിഷ്ട്ടകാലം

ശിഷ്ട്ടകാലമെനിക്കൊരു
അരയാൽ മരത്തിന്റെ മുതുകിലെ
നിലാവ് തുള്ളിയായ്
തെളിഞ്ഞു നിൽക്കണം.
പതിയെ വീഴുന്നയാ കാറ്റിൽ
അലിഞ്ഞു ചേരുന്നതിന് മുൻപ്
ശൂന്യതയുടെ ഭാരമില്ലായ്മ
നേരിട്ടറിയണം.
നിലാവ് കാണാത്ത വേരുകളുടെ
സ്വപ്നങ്ങളിൽ,
തീവ്രമായ സ്വപ്‌നങ്ങളിൽ
ഒരു മുഴുതിങ്കൾ കലം
പതിയെ നിറയുന്നുണ്ട്.
കാലം പഴുപ്പിച്ച തൊലികളിൽ
സമയസൂചി പോലെ ഉറുമ്പുകൾ
നടന്നു കയറുന്നു.
കുഞ്ഞ് ചുണ്ടിൽ നിന്നും
വഴുതിവീണു പടർന്ന
മുലപ്പാൽ തുള്ളി കണക്കെ
നിലാവിപ്പൊഴും നിഴലുകൾക്കിടയിൽ.

ശിഷ്ട്ടകാലമെനിക്കൊരു
നിലാവ് തുള്ളിയായാൽ മതി
ടാഗോറിന്റെ കവിതയിലെ നിദ്രാഹീനയായ
രാത്രിയിൽ ഞാൻ കൂടൊരുക്കിക്കോളാം

`അനുഭവിക്കുക ആനന്ദിക്കുക´

തേഞ്ഞു തീർന്ന പേന
കുടഞ്ഞെടുത്ത വഴി തെറിച്ചു
വീണ തുള്ളികൾ
അലങ്കോലപ്പെടുത്തിയ
ബഷീറിന്റെ കണ്ണാടി.

“എടോ മണ്ടശിരോമണീ”
വരണ്ടു പൊട്ടിയടർന്ന
മൂപ്പരുടെ
ചുണ്ടിലെ ഗൗരവമെന്റെ
ചുണ്ടിലെ ചിരി തൊട്ടു.

ഞാനോർത്തു.

ചാരുകസേരമേലിരുന്നുറങ്ങുന്ന
പൂച്ചയുടെ കേൾവി
പറിച്ചെടുത്തയാൾ
കഥയെഴുതുന്നു.

പൂന്തോട്ടത്തിലാദ്യമായ്
പൂത്ത പൂമൊട്ടിന്റെ
ശ്വാസം വലിച്ചെടുത്തയാൾ
കഥയെഴുതുന്നു.

ജീവിതം
ജീവിതമെന്ത്
ജീവിതമെന്തൊരു
കുഞ്ഞ് ബഷീറിയൻ
സ്വപ്നമല്ലാതെ.

‘അനുഭവിക്കുക! ആനന്ദിക്കുക!’

പക്ഷി

ഒരു വിഷാദവൃക്ഷം,
അതിലൊരു കൊമ്പ് മേഘത്തിലുടക്കിക്കൊരുത്തിരിക്കുന്നു.
മരത്തിനോ മേഘത്തിനോ
ഒന്നാടുവാനാവാതെ
ഇരുവരും നിശ്ചലതയുടെ
സൗന്ദര്യത്തിൽ പെട്ട് കിടക്കുന്നു.
ദൂരെ നിന്നും,
ഏതോ കാട്ടിൽ അല്ലെങ്കിൽ
കടലിൽ നിന്നൊരു പക്ഷി
വേർത്തു വേർത്തു
പാറി വന്ന് കൊമ്പിലിരിക്കുന്നു.
പല നാട്ടിലെ പല മനുഷ്യരുടെ
ദുഃഖത്തിന്റെ ഭാരം അതിന്റെ
ചിറകുകൾക്കടിയിൽ
ഏതോ കുട്ടിയിൽ നിന്നും
കൊത്തിയെടുത്ത സന്തോഷം
ചുണ്ടുകൾക്കിടയിൽ.
പ്രിയപ്പെട്ട പക്ഷി..
നീ കണ്ട ലോകത്തിലെവിടെയാ-
ണെന്റെയാകാശം.
എന്റെ നിലാവ്.

സർപ്പം

അതിരാവിലെ,
സ്വപ്നത്തെക്കുറിച്ച് കവിത
എഴുതാനിരുന്നയെന്നെ
മേശയ്ക്കരികിലിരുന്നൊരു
സർപ്പം എത്തിനോക്കി.

നോട്ടം.
ദുർബലനായൊരു നായ
തന്റെ യജമാനനെ നോക്കും വിധം

ഞാനെഴുത്തു തുടർന്നു..
ഇന്നലെ രാത്രിയിരുട്ടിലിരുന്ന്
വെളിച്ചത്തെക്കുറിച്ചും
ഇപ്പോഴിതാ പുലരിവെട്ടത്തിരുന്ന് ഇരുട്ടിനെക്കുറിച്ചും..

രണ്ടിനും മധ്യേ ഒരു സർപ്പം,
ഭയത്തിന്റെ യവനിക.


കവിത തന്റെ വിരലു നീട്ടുന്നു
“ഭയക്കുന്നതെന്തിന്
നിന്റെ വീഥിയിൽ ചന്ദ്രനില്ലേ..
ആകാശത്തിലൂടെ ഭൂമിയിലെ
പാതകൾ വരയ്ക്കാനാകും..
നീ ധൈര്യമായ് കോർക്കൂ..”

ഞാൻ അനുസരണയുള്ള
ഒരു കുട്ടിയായ് അനുഗമിച്ചു.
ഭയം വിട്ടുപോകാതെ
കാലുകൾ വിറച്ചുകൊണ്ടിരുന്നു.
തലയുയർത്തിയപ്പോൾ അതാ
ആകാശത്തിൽ വഴികൾ തെളിയുന്നു,
എനിക്ക് മുന്നേ ചന്ദ്രൻ നടക്കുന്നു.
അതിന്റെ മുതുകിൽ ഏതോ
ഭാഷ കൊത്തിവെച്ചിരിക്കുന്നു.
ഞാൻ അക്ഷരം ചൊല്ലി പഠിച്ചു.
എന്റെ ഭയം കാലത്തിനൊപ്പം
ഇലപൊഴിച്ചു.
ഇലയെക്കുറിച്ചെഴുതാൻ പഠിച്ചു.

“നീ ഇത് കണ്ടോ…
നിനക്ക് മുന്നേയിഴഞ്ഞ പാമ്പുകളുടെ
തോലുകൾ..”

ഞാൻ നിലത്തേക്ക് നോക്കിയില്ലയെ- ങ്കിലുമെനിക്കെന്റെ നിഴലു
പൊഴിയുന്നത് കാണാമായിരുന്നു.

വീണു മരിക്കുന്ന ഉറുമ്പുകൾ

ദൂരെ
നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കുമക്കരെ
ശൂന്യതയിൽ
ഒരു കടത്തു വഞ്ചി നീങ്ങുന്നു
അതിൽ ദൈവത്തിനുള്ള
അപ്പ കഷ്ണം
ഉറുമ്പരിച്ചു തുടങ്ങുന്നു,
മധുരത്തിന്റെ ലഹരിയിൽ
അവരോരോരുത്തരും
ഭൂമിയിലേക്ക് ബോധരഹിതരായ് വീഴുന്നു,
നോക്കെത്താ ദൂരത്തോളം
കറുത്ത ജഡങ്ങൾ.
ബാക്കിയായൊരുറുമ്പ് കവിയുടെ
വിരലിൽ നമസ്കരിക്കുന്നു
ലോകം തീർന്നിരിക്കുന്നു
പാപങ്ങളൊടുങ്ങിയിരിക്കുന്നു
ആദം തെറ്റേറ്റ് പറഞ്ഞു
ദൈവത്തിന് മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു
സ്നേഹം ഒരു ചിലന്തിവല പോലെ
മനുഷ്യരെ കുരുക്കിയിരയാക്കിയിടുന്നു.
ലോകാവസാനം,
ഇതുവരെ ചൊല്ലിയ നുണകൾ
നീറിയ മുറിവുകൾ
നിലിച്ച കണ്ണുകൾ
രചിച്ച ബിംബങ്ങൾ
രുചിച്ച മധുരം
കുടിച്ച വിഷം
എല്ലാം ഒരൊറ്റ വഞ്ചിയിൽ എത്തിച്ചേരുന്നു.

ഞാൻ പറഞ്ഞുവല്ലോ
ദൈവത്തിനുള്ള അപ്പ കഷ്ണത്തിൽ
നിന്നും മധുരം ഒലിച്ചു പോയിരിക്കുന്നു.