ഖബർ

ഖബർ,
എന്റെ അനന്തതാവളം
ഇവിടെയാവരുതെന്ന്
ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്.
ഇവിടുത്തെ
മൈലാഞ്ചിയിലകൾക്ക്
പ്രതേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല.
മഞ്ചാടിമരങ്ങളുടെ
ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്.
അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന്
എനിക്ക് വേണ്ടി
യാസീൻ ഓതുമ്പോൾ
നിങ്ങളുടെ (മെയിൽ ഒൺലി)
കാലിലോ, ഉറുമ്പുകൾ
തുന്നിചേർത്ത രണ്ടിലകൾ
പോലെ ചുരുണ്ട കയ്യിലോ
അവർ കടിച്ചുവെന്നിരിക്കും.
ആ നോവിലെന്നെക്കുറിച്ചുള്ളയോർമ്മ-
മുറിയും.അസ്വസ്ഥരാകും.
ദുആ വേഗത്തിലാകും
എന്റെ കൂർത്ത ശിഖരങ്ങളിൽ തൊട്ട്
സലാം ചൊല്ലി മടങ്ങാൻ ധൃതിയാകും.
എന്നാൽ,
എനിക്ക് മറന്നാലും മറക്കാത്തൊരോർമ്മയാവണം
മരണപ്പെട്ട പോസ്റ്റ്‌മാന്റെ സൈക്കിളാവണം
മരണപ്പെട്ട പാട്ടുകാരുടെ പാട്ടാവണം.
മരണപ്പെട്ട എഴുത്തുകാരുടെ വാക്കാവണം.
മരണപ്പെട്ട കുട്ടിയുടെ നിഷ്കളങ്കതയാവണം.
മരണപ്പെട്ട യാചകന്റെ വിശപ്പാവണം.
മരണപ്പെട്ട വേടന്റെ അമ്പാവണം
മരണപ്പെട്ട അന്ധന്റെ കേൾവിയാവണം.
മരണപ്പെട്ട പാപിയുടെ പശ്ചാത്താപമാവണം.
മരിച്ചാലും മരിക്കാതെയാവണം.
വളതുണ്ടുകളെത്തുന്നിടത്തേക്ക്
ഉറുമ്പുകളില്ലാത്തിടത്തേക്ക്
താവളമൊരുക്കുകയെന്ന
തീരുമാനത്തിലേക്ക്
ഞാൻ  എത്തുന്നതങ്ങനെയാണ്.

മേഘങ്ങൾ

തോളെല്ലിനടിയിലെ വറ്റിയ
പൊയ്കയിലൂടെ ഒരുറുമ്പെന്റെ
പനിച്ചൂടിൽ നുള്ളാനൊരുങ്ങുകയാണ്
ആലിംഗനങ്ങളാഗ്രഹിക്കുന്ന
നേരമാണിതെന്നതിനാൽ
തടുക്കുവതെങ്ങനെ
ജനാലയ്ക്കപ്പുറം ഗ്രീഷ്മമാണ്
ജനാലയ്ക്കിപ്പുറം ശൈത്യവും.
രണ്ട് ഋതുക്കൾ ഇണചേരുന്നത്
ജനാലചില്ലിലിരുന്നാണ്,
എന്റെ തൊലിപുറത്തിരുന്നാണ്.
ഈ മനോഹര നിമിഷത്തിൽ
രണ്ടുവരിയെഴുതാതെയെങ്ങനെ.
അരികിലുള്ള ആഴ്ച്ചപതിപ്പിന്റെ
അരികുകൾ കയ്യേറി.
ആദ്യം കുന്നിക്കുരുവോളം പോന്നൊരു
അക്ഷരതെറ്റാണ് പെറ്റുവീണത്.
വെട്ടിയും തിരുത്തിയുമത്
ചെറുതല്ലാത്തൊരു  മേഘമായ്.
അതിനുള്ളിലൊരാകാശമുണ്ട്.
മുലയൂട്ടുന്നപെണ്ണുങ്ങടെ വയറ്റിലെ
പാടുകൾ കണക്കെ കുറെ
ചിതറിയ മേഘങ്ങളുണ്ട്.
അവയെ ഉന്തി നീക്കുന്ന കാറ്റുണ്ട്.
കാറ്റത്ത് കുണുങ്ങി വീണ പ്ലാവിലയുണ്ട്.
ഇലയ്ക്ക് മുങ്ങിനിവരാൻ അമ്മ
വെച്ച കഞ്ഞിയുണ്ട്.
അതിൽ മറ്റൊരാകാശമുണ്ട്,
അനേകായിരം മേഘങ്ങളുണ്ട്.

ജന്തു

ചടഞ്ഞിരുന്ന് മോന്തിയ കള്ളില്
ചീഞ്ഞു നാറിയ പ്രേമത്തിന്റെ
പൊക്കിൾകൊടി പൊന്തി വന്ന്.
എന്നെ തൊടാൻ വെമ്പി.
കരള് ഫ്യൂസായ് കണ്ണിലെ
വെളിച്ചമണഞ്ഞ് ഉള്ളില്
യൂദാസ് റാന്തലുയർത്തി
കാത്തിരിക്കുന്നു.
കൂട്ടത്തിലെ വലിയ മീൻ നീയേ,
വെളിച്ചത്തിന്റെ കെണിയിൽ
ചീനവലയിൽ പിടഞ്ഞ്.
ചതിക്കപ്പെടുമെന്നുറപ്പായാൽ
ആത്മഹത്യയാണ് നല്ലത്.
വഴികൾ തിരയാൻ പാകത്തിന്
നീണ്ടുനിവർന്ന രാത്രി.
കട്ടിളയിലെ വിടവിലൂടെ കടക്കുന്ന
ചിതലരിച്ച വെളിച്ചം നിലത്ത്.
പെണ്ണൊരുത്തി നനച്ചു മണത്ത
വയലറ്റ് പൂക്കളുള്ള ഷർട്ട്‌
മരകസേരയിൽ വാടികിടക്കുന്നു.
ബന്ധങ്ങളുടെ ചങ്ങലചോപ്പുകൾ
വിരലുകളിൽനിന്നൊഴിയുന്നു.
കുടിലില്ലാത്തോന്റെ നിശ്വാസം
പെരുകിവന്നെന്റെ ജനലിൽ കൊട്ടുന്നു.
ഈ തെരുവിലെ കാറ്റിന്
വിയർപ്പുണക്കാനറിയില്ലയെങ്കിലും
ഈ തെരുവിലെ വിയർപ്പിന്
വിശപ്പകറ്റാനറിയാം.
കോവിലിലേക്കുള്ള കനത്ത
പാതയിൽ വെച്ചെന്റെ മെലിഞ്ഞ രൂപം
ഇനി നിങ്ങൾ കണ്ടില്ലെന്നു വരാം
മറ്റാരിൽനിന്നേലുമിരുപത്
രൂപയ്ക്ക് മുല്ലപ്പൂവാങ്ങുക.
വാടുന്നന്നേരം മറക്കുക.
അടിവയറ്റിൽ വണ്ടുകൾ
ചരമഗീതമാലപിക്കുന്നു,നോവുണ്ട്.
നാളെത്തെ പുലരിയിൽ ഒരു
വണ്ടായ് ഞാനുയർത്തെണീക്കും.
ഗ്രിഗർ സംസായുടെ ഏകാന്തതയ്ക്ക്
കൂട്ടിരിക്കും.അല്ലെങ്കിലുമിവിടെ.
മറവിയിൽ മരിക്കുക എന്നത്,
മനുഷ്യനായി തുടരുകയെന്നത്
മരണത്തേക്കാൾ കടുപ്പമാണ്.

ഒഴുക്ക്.

പതിവ് പോലെ,
നിനക്ക്.
മുള്ളോള് മാത്രമുടയാത്ത.
പനീർചെടി,
തലേൽ തിരുകാൻ,
പാതിവെന്ത രാത്രികളെ
ഉണ്ടയോർമ്മക്ക്.
വേർത്തുവേർത്തൊരാകാശം
ഇടുപ്പീന്ന് തെന്നി വീണ
വേനലിന്റെ,
ഒരളുക്കിൽ മൂടിവെച്ച
പെണ്ണോർമ്മയിൽ.
അപ്രതീക്ഷിത-
മാറ്റങ്ങളാണോർമ്മകളുടെ
വാഹകർ.
മച്ചിടിയ്യോന്നയാദീല്
മേഘത്തിനു
തട്ടടിക്കുന്ന കുട്ടിയുടെ
കല്പ്നയിലാണ്
ഞാനിപ്പോൾ.
സർവ്വതും അതേപടി
നിലനിന്നിരുന്നെങ്കിൽ.

രാത്രി(ക്ലീഷെ) –
ഒറ്റയ്ക്കെന്ന് പറയുമ്പോൾ
ആന്തരാർത്ഥങ്ങൾ ഒന്നുമില്ലാതെ
തീർത്തും ഒറ്റയ്ക്ക്.
പൂർവികരുടെ കാൽപാടുകളിലൂടെ
ഒരിഞ്ച് തെറ്റാതെ നടക്കുമ്പോൾ
മുന്നില് ദിക്കറിയാത്തളവിലിരുട്ട്.
കയ്യിലിരുന്നു പൊള്ളിയ
സിഗരറ്റിന്റെ ചിന്തേല്,
ഒടുങ്ങിയതിന്റെ ചിന്തേല്
തിരിഞ്ഞു നോക്കുമ്പോ
കാൽപാടുകൾക്കരികിൽ
കണ്ട വെളിച്ചത്തെ,
വെളിച്ചത്തുലാത്തുന്ന
പുകവലയെ കാൺകെ
നിന്നെയോക്കാതിരിക്കുന്നതെങ്ങനെ.

ഏകാന്തത തേച്ചു
മിനുക്കിയ ചുവരുകളുള്ള
വാടകമുറിയുടെ
ഗന്ധത്തിലേക്ക് മടക്കം.
ഷവറിലൂടെ തണുത്ത
നീരൊഴുക്കിന്റെ താളത്തിൽ
ചിലയുള്ളൊഴുക്കുകൾ.
സർവ്വതും അദൃശ്യമായ
ഒഴുക്കിലാണ്.
ഇരുട്ടിന്റെ നിശബ്ദതയിൽ
ഒഴുക്കിന്റെയൊലികൾ
വ്യക്തമായി കേൾക്കാ-
മെന്നത് രാത്രിയെ
ഒരേ നേരം
പ്രിയപ്പെട്ടതും
പേടിപ്പെടുത്തുന്നതുമാക്കുന്നു.
രാവ് കുറുകുന്ന മച്ചില്
നിലാവും ചുമന്ന് ഇരുട്ട്
പറ്റാനാകാതെ ഉറുമ്പുകൾ,
ദിക്കറിയാ കിനാവ്
നമ്മുടേത്,എന്റേത്.

പുലർച്ചെ-
അരക്ഷിതത്വത്തിന്റെ രാത്രി
ഒടുങ്ങുമ്പോൾ,
കിടക്കയ്ക്ക് ഭാരം
നിലത്ത് ഒരു കാള രാത്രിയുടെ
അടയാളം.
തലയെരിഞ്ഞ് തെറിച്ച
ചാരം, വിചാരം.
പരസ്പരം കണ്ടുമുട്ടാത്ത
രണ്ടരുവിയെ പോലെ
നമ്മളെ പോലെ
ഇയർഫോണിന്റെ
രണ്ടതിരുകളിലേക്ക്
പാട്ടൊഴുകുന്നുണ്ട്
ഉന്മാദത്തിനതിരുകളുണ്ട്.
ഒരാൾ
പാട്ട് മറന്നതറിയാതെ
മറ്റെയാൾ
പാടിക്കൊണ്ടേയിരിക്കുന്നു.

പറമ്പ്

അപ്പൻ കുട മറന്നതറിയാതെ
പെയ്ത മഴയത്ത്,
നിഴലുവെട്ടിവടിച്ചെടുത്ത
ചതയൊലിച്ചിറങ്ങുന്ന
തൂമ്പയും നോക്കി പറമ്പില്
ഞാനിരിക്കെ
കുഴിനിറഞ്ഞ് കുളമായി.
കൈലിയുരിഞ്ഞ്
കുളത്തിലു മലർന്നപ്പോ
അഞ്ചാറു അമ്പുകൾ
കൊണ്ട് കണ്ണ് ചിമ്മിയ നിമിഷത്തിൽ
ഭൂമിയോളം പോന്നൊരു
കൊറ്റിവന്നെന്നെ
കൊത്തിയെടുക്കുമെന്ന്
തോന്നി.
മനുഷ്യരില്ലത്ത ഇടത്തേക്ക്
വലിച്ചെറിയുമെന്ന് തോന്നി.
രണ്ട് കൊടും കരകൾക്കിടയിലെ
കടലെന്ന കണക്കാകാശം-
അലയടിക്കുന്നു.

മഴയേൽക്കാതെ ചുരുട്ടി പിടിച്ച
ബീഡി പുകച്ച് വരുന്ന
അപ്പന്റെ കയ്യിലിരിക്കുന്ന
പോത്തിറച്ചിച്ചുവ.
നാവിലും രുചിയാന്ന് വിചാരത്തിന്.
പകല് വെട്ടണ കൊള്ളിയാൻ
കണക്കെ തുമ്പില്ലാത്തത്.
ജീവനുള്ള മാംസമെന്നേലുമൊരിറ്റ്
സ്നേഹത്തോടെ വിരലിൽ
തൊടുമെന്ന വിചാരം.
തണുത്തൊരാലിംഗനം.

മഴനേർത്തപ്പോൾ
ആകാശത്തിന്റെ വിള്ളലുകളിലേക്ക്
പരൽമീൻ കണക്കെ
പരുന്തുകൾ ഒളിച്ചുകളിക്കുന്നു.
മറ്റൊരു പറമ്പിലേക്ക്
പിന്നിയ കുപ്പായമഴിക്കാതെ
മേഘമിഴഞ്ഞ് നീങ്ങി.
കുഴിയിലെ വെള്ളം വറ്റിയപ്പോഴാണ്
ഞാനെന്റെ നഗ്നതയെക്കുറിച്ചോർത്തത്.
കൈലിയുടുത്ത് കുഴിമൂടവെ
എന്റെ വ്യാധിയെക്കുറിച്ചറിവില്ലാത്തൊരു
കാറ്റ് വന്നെന്നെ പൊതിഞ്ഞുമ്മവെച്ചു.
നേർത്തൊരാശ്വാസം.

അമ്മ മരിച്ചതറിയാതെ
പെയ്ത മഴയിൽ,
അയയിൽ ഉണങ്ങിക്കിടന്ന
തുണികൾ നനയുന്നതറിയാതെ
ഞാനമ്മയ്ക്ക് കാവലിരുന്നു.
ഇത്രേം നാൾ അടുക്കളയിൽ
ഒളിച്ചു കഴിഞ്ഞ ഉറുമ്പുകൾ
കൂട്ടമായി അമ്മയുടെ
മുടിച്ചുരുളിലൊളിച്ചു.
മേഘങ്ങൾ പാകിയ ഇരുട്ടത്ത്,
തെമ്മാടികുഴീടെ വീതീം വ്യാപ്‍തീം
വരച്ചിട്ടിട്ടപ്പൻ കവലയിലേക്കിറങ്ങി.
ഇറച്ചിവാങ്ങാൻ.

നിശ

എന്റെ ശ്വാസത്തിലെ അസിമെട്രി രാത്രിയുടെ സിംഫണിയെ താറുമാറാക്കുന്ന വേളയിൽ,

ഒച്ചയുണ്ടാക്കാതെ ചാരിയ വാതിലിന്റെ
വിജാഗിരിയിൽ ‘പ്ലക്ക്’ എന്നൊരു പല്ലി ചിലക്കും.

പലിശക്കണക്കെഴുതിനിറഞ്ഞ ഡയറിയിൽ
ഒഴിഞ്ഞ താളിനു വേണ്ടി പരതും.

മതിയായ ഭാഷകൾ കിട്ടാതെ അലയുന്ന
കവിതയായ് ഞാനെന്നെ സങ്കൽപ്പിക്കും.

കവിതയെ സൃഷ്ട്ടിച്ച നേരത്ത് ദൈവം
കണക്കിലധികം മദ്യപിച്ചിരുന്നിരിക്കാം.

കാര്യങ്ങൾ കൃത്യമായി പറയാനാകില്ലയെങ്കിലും
വ്യക്തമായ് എഴുതുവാൻ കഴിയും.

ഫ്ലാസ്കിലെ വെള്ളം തണുത്തുറഞ്ഞ്
ദാഹമകറ്റാനാകാതെ കുഴയും.

പുറത്ത്.നിന്റെ പ്രണയം പോലെ,
സ്ഥിരതയില്ലാതെ മഴ വന്നുപൊയ്കൊണ്ടിരിക്കും.

ചില്ലുകൂട്ടിൽ നിന്നും ദൈവം ഇറങ്ങിപോകും,
മെഴുതിരിവെട്ടം മഴയത്തണയും,വഴിതെറ്റും

ഉമ്മ വെയ്ക്കാൻ പാകത്തിന് ഏകാന്തതയെ
ഞാൻ മേശയ്ക്കരികിൽ ഒതുക്കി വെയ്ക്കും.

ജനാലയടയ്ക്കുമ്പോൾ പുറത്ത് തേക്കിനെ
വരിഞ്ഞ സ്‌പേഡ്‌സെന്തോ ഓർമ്മപെടുത്തും.

പഴക്കത്തിലൂടെ ഒലിച്ചിറങ്ങിയ നനവ്
ജനാലപടിയിലെ കാപ്പിക്കറ തുടച്ചു നീക്കും.

ഡയറിയിൽ കൂടിയും കുറഞ്ഞും പെറ്റ അക്കങ്ങൾ-
ക്കിടയിലവിടിവിടെ വരികൾ തെളിയും.

വിയർത്തിരുന്നപ്പോൾ വീശിയ കാറ്റ്.
കാറ്റ് പറഞ്ഞ കഥയിലെ മുഖം തെളിയും.

ഓർമ്മയിൽ തെളിഞ്ഞ മുഖമോർത്തിരിക്കെ
വീശിയ കാറ്റിൽ കറണ്ട് പോകും.

കൂടുതൽ തെളിച്ചമുള്ള ഇരുട്ടാണെന്നതിനാൽ
കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിയും.

ലോകമവസാനിക്കുമ്പോൾ തരു ദത്തിനും
എനിക്കും ഒരേ പ്രായമായിരിക്കും.

ഒഴിഞ്ഞ താളിലെത്തി നിൽക്കുമ്പോൾ.
ജനാലചില്ലിലൂടെ മിന്നലൊളിവിതറും.

മയക്കോവ്സ്ക്കിക്ക് തോക്ക്, വിർജീനിയയ്ക്ക് കല്ലുകൾ, ഞാനേതു ഭാഷയിലെഴുതുമെന്നോർത്തിരിക്കെ
നേരം വെളുക്കും.

ക്ലൂലെസ്സ് പോയം.

ഞാൻ കവിതയിലേക്ക്
ചാഞ്ഞു നിന്നിത് പറയട്ടെ.
നിങ്ങളവശേഷിക്കുന്ന വെളിച്ചം
പറ്റി നിന്ന്  വായിക്ക്.

ഒരു വാക്കിൽ നിന്നുമർത്ഥം
നോക്കാതെയീണം നോക്കി
മറ്റൊരു വാക്കിലേക്ക് ഞാൻ
കടന്നുവെന്നിരിക്കും.
പല്ല് പൊട്ടാതെയുള്ളു
പൊട്ടിയിട്ടെന്ത് കാര്യം.
ഇട്ടാ പൊട്ടണ കവിത വേണംന്നും
പൊരുളിലെന്ത്‌ പൊരുളെന്നും
വൈകിയാണെങ്കിലുമെനിക്ക്
തിരിച്ചറിവുണ്ടായി.

ഉപമിച്ച് ഉപമിച്ച് (ഡിവൈഡ്)
സകലതിനേയും ‘ഒന്നിലേക്ക്’
എത്തിക്കുന്നേടത്ത് കവിത തീരും,
അല്ലെങ്കിൽ തുടങ്ങും.
അങ്ങനെ  ഹരിച്ച് കിട്ടിയ
‘ഒന്നായിരിക്കും’
കവിതയുടെ തലക്കെട്ട്.

കൈപ്പടയിലെ അഭംഗി നോക്കി
നിൽക്കുന്നതിനിടയിൽ കണ്ട,
വാക്കുകൾക്കടിയിലെ ചുവന്ന
വരകൾ അക്ഷരത്തിന്റേതല്ല,
നിങ്ങളുടെ ചിന്തയിലെ
തെറ്റിന്റേതാവാനേയിടയുള്ളൂ.
മുഖം തുടുക്കണ്ട.

കൂട്ടിചേർത്ത് വായിക്കുമ്പോൾ, 
നിങ്ങളുടെ  കാലുകൾക്കടിയിലെ
രക്തത്തിന്റെ നിറമുള്ള വരയുടെ
നീളമൊടിയാതെ നീളുന്നത്
കണക്കിലെടുക്കുമ്പോൾ,
ഭൂമി പരന്നതാകാനേയിടയുള്ളൂ.

ഇനി ഭൂമിയെക്കുറിച്ചാണെങ്കിൽ.
കാട് വെട്ടി വെച്ച
വീടിനുള്ളില് മണീപ്ലാന്റ് വളർത്തുന്ന
നിങ്ങളുടെ നിഷ്കളങ്കതയോ,
കാട് (വീട്) പോയി അന്നം മുട്ടി
കക്കാനിറങ്ങിയ ചെറുമന്റെ
ക്രൂരതയോ ഈ കവിതയിലൂടെ
നിങ്ങളെയുണർത്താൻ വരില്ല.
നിങ്ങളുടെ സമയം കളയില്ല ഉറപ്പ്.

വെളിച്ചം മങ്ങുന്നതായ്
തോന്നുന്നുവെങ്കിൽ തെറ്റി.
വാക്കുകൾ ചെറുതാവുന്നതാണ്.
‘കറുത്ത കൈകൾ’
തിന്മയെ സൂചിപ്പിക്കുന്നു-
വെന്നത് പോലെ.
‘കാടത്തം’
ക്രൂരതയെ സൂചിപ്പിക്കുന്നു-
വെന്നത് പോലെ.
വാക്കുകൾക്ക് നിങ്ങളോളം
നിങ്ങളേക്കാൾ
ചെറുതാകുവാൻ കഴിയും.

ഇനിയും കവിതയിലേക്കിറങ്ങിയിട്ടില്ല.
ഇറങ്ങണമെന്നുണ്ട് എന്നാൽ,
ഇരുട്ടിനു ശക്തി
കൂടുന്നുവെന്നതുകൊണ്ടും
ഇസ്തിരിയിട്ട് നിവർത്തിയ
നിങ്ങളുടെ
ഉടലിലുറകളൊന്നും
ഒഴിവില്ലാത്തതിന്നാലും
തത്കാലം ഈ കടലാസ്
കാറ്റിലേക്ക് തന്നെ മടങ്ങട്ടെ.

ചെറിയ കവിത

അമ്മേടെ സാരിത്തുമ്പിൽ പഴയൊരു
ഓർമ്മ ചിറി തുടച്ചെണീക്കുന്നു.
ഉച്ചക്ക് ഉണ്ട് കഴിഞ്ഞാലമ്മയെനിക്
ബാലരമ വായിച്ച് തരും.
മുടികൾക്കിടയിലൂടെ കറിമണക്കണ
വിരലുകളോടിക്കും.
വരികേൾക്കും മുന്നേ വരകളിലൂടെ
ഞാൻ കഥയറിയും.അമ്മയറിയില്ല.
ഞാൻ ചിരിക്കും അമ്മ ചിരിക്കില്ല.
ഗ്രാമഫോണിന്റെ ഡിസ്ക് പോലെ ഫാൻ ചിലച്ചോണ്ടിരിക്കും.ചിലപ്പോ കറങ്ങും.
ഇടയ്ക്ക് ഇരുമ്പലമാരേല കണ്ണാടീലൂടെ
ഞാനമ്മയ നോക്കും അമ്മ എന്നേം.
മുറീടെ മൂലയില് ഭിത്തിയിലെഴുതിയിട്ട
അക്കങ്ങൾടെ ചോട്ടിലുള്ള
ബി.എസ്.എൻ.എൽ.
ലാൻഡ്ഫോണിലാണച്ഛന്റെ വാസം.
ചിത്രങ്ങളില്ലാത്ത കഥകളമ്മ വായിക്കില്ല.
മറിച്ച് മറിച്ച് പദപ്രശ്നത്തിൽ തട്ടി
ഞാനുമമ്മയും പകച്ച് നിക്കും.
ജനാലപടീല് നിഴലു പറ്റുമ്പോ
നിരത്തിയിട്ട വെളുത്ത പെട്ടികൾ-
ക്കിടയില് ചുരുണ്ട് കുറച്ച് നേരം
ഞാനുമമ്മയും ഉത്തരങ്ങളാവും,
അൽപ്പനേരം മയങ്ങും.

പടച്ചോന്റെ സംഗീതം

ഉടലിനെ പൊതിഞ്ഞ
ശലഭകൂട്ടങ്ങളെ
വീശിയോടിച്ച് കണ്ണ് തിരുമി
കാട്ടാറിലേക്ക് ചാടി,
തിരികെ ഒഴുക്കിനെതിരെ
നീന്തി നീന്തി
എത്തിച്ചേർന്നത്
(ചേരേണ്ടിയിരുന്നത്)
വീട്ടിലേക്കാണ്.
ഇരുട്ടിനേം വെളിച്ചത്തേം
ബന്ധിപ്പിക്കുന്ന
മഞ്ഞ് പാടയിൽ
അവ്യക്തമായൊരിടം.
കണ്ണിലെ നനവിനാൽ
തെന്നിനിൽക്കുന്ന
ചാമ്പമരങ്ങൾ
സ്വാഗതം ചെയ്യുന്നു.
നരച്ചമഞ്ഞ
പാവാടതുമ്പിനാൽ
കോറിയിട്ട
മണൽ ചിത്രങ്ങളിൽ
അങ്ങിങ്ങായ്‌
സിഗരറ്റ് കുറ്റികൾ,
വളത്തുണ്ടുകൾ.
ഓടുകളിലൂടെയുരുണ്ടു
വീഴുന്ന പന്തിന്റെ
താളത്തിനൊത്ത്
കനമുള്ള ശകാരങ്ങൾ.
അകത്തുനിന്നാരവങ്ങൾ,
ദാദയുടെ ബാറ്റിനാലുയരുന്നത്.
കണ്ണിറുക്കി കാതോർത്തപ്പോ
അടുക്കളയിൽ
നിന്നുമടക്കിപ്പിടിച്ച
നേർത്ത തേങ്ങലുകൾ
വേവുന്ന നെഞ്ചും
പുകയാത്തടുപ്പും.
കിണറ്റിലെ ആമയും
വട്ടത്തിലാകാശവും.
തെന്നിഞ്ഞെരുങ്ങി
നേരം കടക്കുന്നു.
മണ്ണെണ്ണ വിളക്കിനെ
വിഴുങ്ങുന്ന  ഇരുട്ട്.
മഞ്ഞയിൽ പെറ്റുകിടന്ന
അക്ഷരങ്ങൾ പെറുക്കി
‘പാതിരാവും പകൽവെളിച്ചവും’
വായിച്ചു തീർത്ത
നേരത്ത് മഴപൊട്ടി.
ബാങ്കിനിടയിലിടി പൊട്ടി.
നിരത്തി വെച്ച സ്റ്റീൽ
പാത്രങ്ങളിലേക്ക്
ചെവിചേർത്ത്
ഉപ്പുപ്പയാണത് പറഞ്ഞത്.
‘പടച്ചോന്റെ സംഗീതം’.
മഴയ്ക്കാഴമേറി.
മീകാഈൽ(അ)നു
വേണ്ടി വീടിനുള്ളിൽ
യാസീൻ മുഴങ്ങി.
പാത്രം നിറയും പോലെ
കിണറും നിറയുമോ.
ആകാശം വലുതാകുമോ.
പതിവില്ലാതെ
പുസ്തകകൂനയിലേക്കും
നിസ്ക്കാരപായയിലേക്കും
ജലകണങ്ങൾ
ആക്രമിയെ പോലെ
കയറി ചെല്ലുന്നു.
മണ്ണെണ്ണ വറ്റി.
ഒരിക്കലും പോകാൻ
കൂട്ടാക്കാത്ത മട്ടിൽ
കണ്ണിലിരുട്ട്.
പടച്ചോന്റെ സംഗീതം
അതിന്റെ പരമോന്നതയിൽ
മുഴങ്ങിനിൽക്കുന്നു.
പ്രകാശം
ജലം പോലെയാണെങ്കിൽ
ഇരുട്ടെന്തുകൊണ്ട്
തോണിയാവില്ല?.

നീല

വീണ്ടും വീണ്ടും
നിന്റെ അസാന്നിധ്യം
എന്നെ അസ്വസ്ഥനാക്കുന്നു.
ഉറക്കം ഓർമ്മയാകുന്നു.
എഴുതുന്നതൊന്നും നിനക്ക്
പകരമാകുന്നില്ല.
നീ മടങ്ങിയെത്തുമ്പോൾ
പറയാൻ കരുതിവെച്ച
കഥ ഓർമ്മയിലില്ല.
വീണ്ടുവിചാരമില്ലാതെ
പലയിടത്തും പലരിലും
നിന്നെ തിരയുന്നു.
കുടക്കീഴിൽ,പുതപ്പിനുള്ളിൽ.
എല്ലായിടത്തും ശൂന്യത.
ആർക്കോ വേണ്ടി
ചിലക്കുന്ന റേഡിയോ.
നേരം വൈകുന്നു.
നമുക്കും രാത്രിക്കും
പ്രായമാകുന്നു.
വെളിച്ചം അണിയിച്ച
മുഖംമൂടി ഇരുട്ടിൽ
അഴിഞ്ഞു വീഴുന്നു.
കണ്ണുകൾക്ക് ചോട്ടിൽ
ഇരുട്ട് കുടിയിരിക്കുന്നു.
മുഖം പൂഴ്ത്തിവെച്ച
തുടകൾ നീലിക്കുന്നു.
ദീനത്തിന്റെ നിറം,
ഓർമ്മയുടേയും.
പാതിതുറന്ന ജനാലയിലൂടെ
അരിച്ചിറങ്ങുന്ന
നിലാവിന്റെ നീല.
മേലേ,രാത്രിയിരുട്ടിലും
കടും നീലയണിഞ്ഞു
നിൽക്കുന്ന ആകാശം.
താഴെ,നിറയെ രൂപങ്ങൾ.
നിഴലിന്റെ ഭാവങ്ങൾ
പകർത്താനെടുത്ത
ക്യാമറയുടെ വെളിച്ചം
തട്ടി കണ്ണിലെ ഇരുട്ട്
കടന്നുകളഞ്ഞു.
വെളിച്ചം കാട്ടിയത്-
പാറിക്കിടക്കുന്ന മുടിക്ക്
മുകളിലൂടെ നഗ്നമായ
ചില്ലകൾ നീലാകാശത്തേയ്ക്ക്
പടർന്നു നിൽക്കുന്നു.
പണ്ടെപ്പോഴോ
ലോ ആംഗിളിൽ
വെച്ചെടുത്ത നിന്റെ ചിത്രം.
വേനലിലും വാടാത്ത
ചിരി.
അവയ്ക്ക് ചുറ്റും
വിയർപ്പുതുള്ളികൾ.
നിസ്സഹായതയിൽ നിന്നും
മുളയിടുന്ന ചിരിയോളം
യാതൊരു കണ്ണീരും
എന്നെ വേദനിപ്പിച്ചിട്ടില്ല.
നിഴൽരൂപങ്ങൾ പകർത്തി
മടുത്ത ക്യാമറ
തിരികെ വെച്ച്
ജനാലപ്പടിയിലിരുന്ന്
ഇരുട്ടിന്റെ നീലയിലേക്ക്
കണ്ണെയ്യുമ്പോൾ
അവ്യക്തമായ് റേഡിയോ
പാടിക്കൊണ്ടിരുന്നു.
‘ഹർ ഏക് ബാത്ത് പേ
കെഹ്തേ ഹോ തും
കെ തൂ ക്യാ ഹെയ്?’
ആകാശത്തിൽ നിന്നും
ഇരുട്ടിലേക്കിറങ്ങി
വെളിച്ചമാകുന്ന നിറം.
അതെ, നീല
പ്രതീക്ഷയുടേതുകൂടിയാണ്.