1
നനവുമായി പിറന്നു വീണൊരു
പൂച്ചയുടെ തുറക്കാത്ത കണ്ണിലേക്ക്
നോക്കുമ്പോൾ
പിറവിയിൽ തന്നെ എഴുതപ്പെട്ടിരിക്കുന്ന മരണത്തിന്റെ നനഞ്ഞ പാട്.
ഇതൊരിരുണ്ട ലോകമാണെന്ന്
മുന്നറിയിപ്പേകും പോലെ.
(ഇരുട്ടിനെ തിന്മ കൊണ്ടുപമിക്കാതെ
നിലാവുകൊണ്ടലങ്കരിക്കാതെ
ജീവിതത്തിന്റെ അനിശ്ചിതത്വമായ് കാണുക)
വെളിച്ചം ഒരു പൂമ്പാറ്റയെ
പോലതിന്റെ കണ്ണുകളിൽ
പതിയെ ഇരിക്കുമ്പോൾ
ജീവിതവുമായ് ആദ്യത്തെ യുദ്ധം
പ്രഖ്യാപിക്കപ്പെടുന്നു
ഉറയ്ക്കാത്ത കാലുകളുമായ് സ്വന്തം
ശരീരത്തോട് തന്നെ പൊരുതി നിൽക്കുന്നു.
ഹൃദ്യമായതെല്ലാം ദുർബലമാണെന്ന്
ഓർമിപ്പിക്കും വിധം അതിന്റെ എല്ലുകൾ
എന്റെ വിരലുകൾക്കിടയിൽ
വിശ്രമമൊരുക്കുന്നു
അതാ നോക്കു..
മനുഷ്യർക്ക്‌ മനസിലാകാത്ത
ഒരു പ്രപഞ്ചത്തിന്റെ കവാടം പോലെയില്ലേ
അതിന്റെ കണ്ണുകൾ.
രണ്ടേക്ക് രണ്ടാഴ്ച്ചകൊണ്ടുരുതിരിഞ്ഞ
പ്രപഞ്ചങ്ങൾ?

2
ആ കുഞ്ഞു ജീവി
എനിക്ക് മുന്നേ അധികം
ഒച്ചയെടുക്കാതെ വഴികാട്ടുന്നു.
പ്രഭാതം ഒരു പൂവിനെ പോലെ
വിടരുകയാണെന്നായിരുന്നു
എന്റെ ഭാവന
തെറ്റ്,
അതൊരു കറുത്ത പൂച്ചയുടെ
വെളിച്ചത്തിലേക്കുള്ള നടത്തമാണ്
സിഗരറ്റ് പുകയൂതി
തണുത്തുറഞ്ഞ ഭൂമിയെ
ഉണർത്തികൊണ്ട്
ഞാനതിനെ അനുഗമിക്കുന്നു.
പൂച്ചയുടെ ഉയർത്തിപ്പിടിച്ച വാല്
സൂര്യന് വഴികാട്ടുന്നു.
വലിച്ചു തീർന്ന കുറ്റി
ചവിട്ടിയണക്കാൻ കൂടിയതെനിക്ക്
വേണ്ടി കാത്തു നിൽക്കുന്നില്ല
എങ്ങോട്ടാണതിന്റെ പോക്ക്
ഉപമകൾ വിൽക്കുന്ന
കടയുടെ തിണ്ണയിൽ
ഉറങ്ങിയെണീക്കുകയായിരുന്നു ഞങ്ങൾ.
സർവവും വിഭചിക്കപ്പെടുന്ന ലോകത്തെ
ഉപമകൾ കൊണ്ടൊരുമിപ്പിക്കാനാകുമെന്ന
നിഷ്കളങ്കമായ മണ്ടത്തരത്തിൽ
എന്നെ പോലെ തന്നെ അതും
വിശ്വസിക്കുന്നുവോ?

3
മഗ്‌രിബിന്റെ ധൃതിയിലുള്ള
നടത്തതിനിടയിൽ ഒരു മുറിവേറ്റ
പൂച്ചയെ ഞാൻ പിന്നിലാക്കി.
ജലം കൊണ്ട് വിശുദ്ധി വരുത്തി
വരിത്തെറ്റാതെ ആദ്യത്തെ
റക്കാത്തിലിരുന്നപ്പോൾ എനിക്കാ
പൂച്ചയെ ഓർമ വന്നു.
ഒരു കൺപോളയിരുട്ടിൽ
അതെന്റെ മുസല്ലയിൽ
നിസ്സഹായമായൊരു പ്രാർത്ഥന
പോലെ ചടഞ്ഞിരിക്കുന്നു.
എത്തിപ്പെടാൻ കാത്തിരുന്ന പോലെ
സുജൂദിലതെന്റെ നെറ്റിയിലെ
തഴമ്പ് നക്കി തുടക്കുന്നു.
ദൈവഹൃദയം സർവ്വ ജന്തുക്കളിലും
മുറിഞ്ഞു കിടക്കുന്നതായ്
എനിക്ക് വെളിപാടുണ്ടാകുന്നു.

Leave a comment