എവിടേ നക്ഷത്രങ്ങൾ

നക്ഷത്രങ്ങളത്രമേൽ അനിവാര്യമാകുന്ന
രാത്രികളാണിത്
ഒന്നെങ്കിലും.
അഴിഞ്ഞാടുന്ന ഈ കാറ്റിലും
സ്വസ്ഥമായ
നീണ്ട ഉറക്കത്തിലേർപ്പെടുന്ന
മനുഷ്യരുടെ കപട
സ്നേഹത്തിലേക്കാട്ടിത്തുപ്പി-
യിറങ്ങിയോടുന്ന കുട്ടിയുടെ
വഴിയിലേക്ക്
നീണ്ട ഇരുട്ടിലൊരിത്തിരി നേരം,
ദൂരം, ഒന്നെങ്കിലും.

എനിക്കുറപ്പുണ്ട്
എൻ്റെ മരണ ശേഷം
നിങ്ങളെന്നെ തേടി വരും
മഴയ്ക്ക് ശേഷമുള്ള പ്രഭാതം പോലെ
കൂടുതൽ തെളിച്ചത്തിൽ
എൻ്റെ വാക്കുകൾ സ്വാഗതം ചെയ്യും
മറ്റൊന്നുമല്ല സ്നേഹത്തിനായ്
കൈനീട്ടിയ ഒരു കുട്ടിയുടെ
ഭാഷ മാത്രമാണതെന്ന്
എത്ര ലളിതമായിരുന്നതെന്ന് ഓർക്കും
ഇതേ ഭാഷയിൽ
വർഷങ്ങൾക്കപ്പുറമിരുന്ന്
പലരും എന്നോട് സംസാരിക്കുന്നു
ഞാൻ ചെവിയോർക്കുന്നു
കാലങ്ങൾക്കതീതമാണീ വേദന
കാലം പോലെ അനന്തവും
എൻ്റെ കണ്ണുകൾ ആർത്തിയോടെ
കൊത്തിയെടുക്കാൻ ആശിക്കുന്ന
കഴുകനിലാണെൻ്റെ പ്രതീക്ഷ
അതിൻ്റെ ആത്മാർത്ഥത എന്നെ
വിളിക്കുന്നു.

എനിക്കുറപ്പുണ്ട്
ഇത് നൂറ്റാണ്ടിൽ നിന്നും
നൂറ്റാണ്ടിലേക്ക്
കൈമാറപ്പെടുന്ന വേദനയാണ്
തുടക്കമില്ലാത്തതായ
കാര്യങ്ങൾക്കൊടുക്കമില്ലാത്ത പോലെ
ഇത് കൈമാറപ്പെടുന്നു
മരിച്ചവർ എവിടെയും
പോകുന്നില്ല
പ്രതേകിച്ചും കവികൾ
നാശം.
അവരെൻ്റെ തലയിൽ മറ്റുള്ളവർക്ക്
വിരുന്ന് നൽകുന്നു
മെഴുതിരിവെട്ടത്ത് വില കുറഞ്ഞ
മദ്യത്തിൻ്റെ ലഹരിയിൽ
കവിതകൾ ഉരുവിടുന്നു

ഞാൻ സ്ഥിരമായ് കാലുനീട്ടിയിരിക്കാറുള്ള
രാത്രിയുടെ ഒരു നേരമുണ്ട്
ഹാർമോണിയത്തിൻ്റെ നിഴലുകൾ
പോലെ വാതിലുകളിൽ ജനാലകളിൽ
ആരോ തഴുകികൊണ്ടിരിക്കും
ഒരു കവിതയും തൊടാതെ
നിറങ്ങളിലുപ്പ് കലരാതെ
ഹൃദയത്തിൻ്റെ വറ്റിപ്പോയ ചാലുകളിൽ
മണൽ കാറ്റ് ഉരുണ്ടു പോകുന്നതും
ചെവിയോർത്ത് നീണ്ടിരുന്ന്
സ്വപ്നങ്ങൾ കാണും.
അവ യാഥാർത്ഥ്യമാകുമോ എന്ന വ്യാകുലതയില്ല
പക്ഷേ…
കണ്ട് കണ്ട്
രാത്രിയാകാശത്തിൽ നിന്നുമാദ്യമായ്
ഒരു നക്ഷത്രമടർന്നുവീഴുമെങ്കിലോ
സ്വപ്നങ്ങളില്ലാത്തൊരിടത്തിലെ
പ്രഭാതത്തിലേക്കുണരുമെങ്കിലോ.

ഒഴുക്ക്.

പതിവ് പോലെ,
നിനക്ക്.
മുള്ളോള് മാത്രമുടയാത്ത.
പനീർചെടി,
തലേൽ തിരുകാൻ,
പാതിവെന്ത രാത്രികളെ
ഉണ്ടയോർമ്മക്ക്.
വേർത്തുവേർത്തൊരാകാശം
ഇടുപ്പീന്ന് തെന്നി വീണ
വേനലിന്റെ,
ഒരളുക്കിൽ മൂടിവെച്ച
പെണ്ണോർമ്മയിൽ.
അപ്രതീക്ഷിത-
മാറ്റങ്ങളാണോർമ്മകളുടെ
വാഹകർ.
മച്ചിടിയ്യോന്നയാദീല്
മേഘത്തിനു
തട്ടടിക്കുന്ന കുട്ടിയുടെ
കല്പ്നയിലാണ്
ഞാനിപ്പോൾ.
സർവ്വതും അതേപടി
നിലനിന്നിരുന്നെങ്കിൽ.

രാത്രി(ക്ലീഷെ) –
ഒറ്റയ്ക്കെന്ന് പറയുമ്പോൾ
ആന്തരാർത്ഥങ്ങൾ ഒന്നുമില്ലാതെ
തീർത്തും ഒറ്റയ്ക്ക്.
പൂർവികരുടെ കാൽപാടുകളിലൂടെ
ഒരിഞ്ച് തെറ്റാതെ നടക്കുമ്പോൾ
മുന്നില് ദിക്കറിയാത്തളവിലിരുട്ട്.
കയ്യിലിരുന്നു പൊള്ളിയ
സിഗരറ്റിന്റെ ചിന്തേല്,
ഒടുങ്ങിയതിന്റെ ചിന്തേല്
തിരിഞ്ഞു നോക്കുമ്പോ
കാൽപാടുകൾക്കരികിൽ
കണ്ട വെളിച്ചത്തെ,
വെളിച്ചത്തുലാത്തുന്ന
പുകവലയെ കാൺകെ
നിന്നെയോക്കാതിരിക്കുന്നതെങ്ങനെ.

ഏകാന്തത തേച്ചു
മിനുക്കിയ ചുവരുകളുള്ള
വാടകമുറിയുടെ
ഗന്ധത്തിലേക്ക് മടക്കം.
ഷവറിലൂടെ തണുത്ത
നീരൊഴുക്കിന്റെ താളത്തിൽ
ചിലയുള്ളൊഴുക്കുകൾ.
സർവ്വതും അദൃശ്യമായ
ഒഴുക്കിലാണ്.
ഇരുട്ടിന്റെ നിശബ്ദതയിൽ
ഒഴുക്കിന്റെയൊലികൾ
വ്യക്തമായി കേൾക്കാ-
മെന്നത് രാത്രിയെ
ഒരേ നേരം
പ്രിയപ്പെട്ടതും
പേടിപ്പെടുത്തുന്നതുമാക്കുന്നു.
രാവ് കുറുകുന്ന മച്ചില്
നിലാവും ചുമന്ന് ഇരുട്ട്
പറ്റാനാകാതെ ഉറുമ്പുകൾ,
ദിക്കറിയാ കിനാവ്
നമ്മുടേത്,എന്റേത്.

പുലർച്ചെ-
അരക്ഷിതത്വത്തിന്റെ രാത്രി
ഒടുങ്ങുമ്പോൾ,
കിടക്കയ്ക്ക് ഭാരം
നിലത്ത് ഒരു കാള രാത്രിയുടെ
അടയാളം.
തലയെരിഞ്ഞ് തെറിച്ച
ചാരം, വിചാരം.
പരസ്പരം കണ്ടുമുട്ടാത്ത
രണ്ടരുവിയെ പോലെ
നമ്മളെ പോലെ
ഇയർഫോണിന്റെ
രണ്ടതിരുകളിലേക്ക്
പാട്ടൊഴുകുന്നുണ്ട്
ഉന്മാദത്തിനതിരുകളുണ്ട്.
ഒരാൾ
പാട്ട് മറന്നതറിയാതെ
മറ്റെയാൾ
പാടിക്കൊണ്ടേയിരിക്കുന്നു.

നിശ

എന്റെ ശ്വാസത്തിലെ അസിമെട്രി രാത്രിയുടെ സിംഫണിയെ താറുമാറാക്കുന്ന വേളയിൽ,

ഒച്ചയുണ്ടാക്കാതെ ചാരിയ വാതിലിന്റെ
വിജാഗിരിയിൽ ‘പ്ലക്ക്’ എന്നൊരു പല്ലി ചിലക്കും.

പലിശക്കണക്കെഴുതിനിറഞ്ഞ ഡയറിയിൽ
ഒഴിഞ്ഞ താളിനു വേണ്ടി പരതും.

മതിയായ ഭാഷകൾ കിട്ടാതെ അലയുന്ന
കവിതയായ് ഞാനെന്നെ സങ്കൽപ്പിക്കും.

കവിതയെ സൃഷ്ട്ടിച്ച നേരത്ത് ദൈവം
കണക്കിലധികം മദ്യപിച്ചിരുന്നിരിക്കാം.

കാര്യങ്ങൾ കൃത്യമായി പറയാനാകില്ലയെങ്കിലും
വ്യക്തമായ് എഴുതുവാൻ കഴിയും.

ഫ്ലാസ്കിലെ വെള്ളം തണുത്തുറഞ്ഞ്
ദാഹമകറ്റാനാകാതെ കുഴയും.

പുറത്ത്.നിന്റെ പ്രണയം പോലെ,
സ്ഥിരതയില്ലാതെ മഴ വന്നുപൊയ്കൊണ്ടിരിക്കും.

ചില്ലുകൂട്ടിൽ നിന്നും ദൈവം ഇറങ്ങിപോകും,
മെഴുതിരിവെട്ടം മഴയത്തണയും,വഴിതെറ്റും

ഉമ്മ വെയ്ക്കാൻ പാകത്തിന് ഏകാന്തതയെ
ഞാൻ മേശയ്ക്കരികിൽ ഒതുക്കി വെയ്ക്കും.

ജനാലയടയ്ക്കുമ്പോൾ പുറത്ത് തേക്കിനെ
വരിഞ്ഞ സ്‌പേഡ്‌സെന്തോ ഓർമ്മപെടുത്തും.

പഴക്കത്തിലൂടെ ഒലിച്ചിറങ്ങിയ നനവ്
ജനാലപടിയിലെ കാപ്പിക്കറ തുടച്ചു നീക്കും.

ഡയറിയിൽ കൂടിയും കുറഞ്ഞും പെറ്റ അക്കങ്ങൾ-
ക്കിടയിലവിടിവിടെ വരികൾ തെളിയും.

വിയർത്തിരുന്നപ്പോൾ വീശിയ കാറ്റ്.
കാറ്റ് പറഞ്ഞ കഥയിലെ മുഖം തെളിയും.

ഓർമ്മയിൽ തെളിഞ്ഞ മുഖമോർത്തിരിക്കെ
വീശിയ കാറ്റിൽ കറണ്ട് പോകും.

കൂടുതൽ തെളിച്ചമുള്ള ഇരുട്ടാണെന്നതിനാൽ
കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിയും.

ലോകമവസാനിക്കുമ്പോൾ തരു ദത്തിനും
എനിക്കും ഒരേ പ്രായമായിരിക്കും.

ഒഴിഞ്ഞ താളിലെത്തി നിൽക്കുമ്പോൾ.
ജനാലചില്ലിലൂടെ മിന്നലൊളിവിതറും.

മയക്കോവ്സ്ക്കിക്ക് തോക്ക്, വിർജീനിയയ്ക്ക് കല്ലുകൾ, ഞാനേതു ഭാഷയിലെഴുതുമെന്നോർത്തിരിക്കെ
നേരം വെളുക്കും.